
കൊച്ചി: G20 ഉച്ചകോടിക്കെതിരെ സിവിൽ സമൂഹ പ്രസ്ഥാനങ്ങളും ദളിത് ആദിവാസി മത്സ്യത്തൊഴിലാളി ഫെമിനിസ്റ്റ് കർഷക സംഘടനകളും സംയുക്തമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കൊച്ചിയിൽ ഗാന്ധി സ്മൃതിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. കർഷകരേയും, ദലിത്- ആദിവാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും മത്സ്യതൊഴിലാളികളെയും കച്ചവടക്കാരെയും പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കുന്ന സാമ്പത്തിക പരിഷ്കരണ പദ്ധതികൾ ലക്ഷ്യമിടുന്ന G20 ഉച്ചകോടി ജനാധിപത്യവിരുദ്ധമാണ് എന്ന് WE20 കേരളം അഭിപ്രായപ്പെട്ടു.
ജി7 രാജ്യങ്ങൾ ബഹുരാഷ്ട്ര കുത്തകകളുടെ താൽപ്പര്യങ്ങൾ അജണ്ടയായി കൊണ്ട് വരുന്ന ഉച്ചകോടി അടിസ്ഥാനപരമായി രാജ്യത്തെ കർഷകർക്കും തൊഴിലാളികൾക്കും അടിസ്ഥാന ജനവിഭാഗങ്ങൾക്കും എതിരാണ്. നിക്ഷേപ സംരക്ഷണ കരാറുകൾ, തൊഴിൽ നിലവാരം, വ്യാപാര സുതാര്യത, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഇത് പുറത്തുവന്ന വിവരങ്ങൾ കണക്കിലെടുത്താൽ അത് പൂർണ്ണമായും ജി 7 രാജ്യങ്ങളിലെ കുത്തകകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാണ്. മേൽപ്പറഞ്ഞ കുത്തകകൾക്ക് വിപണി ഒരുക്കുന്ന ഉച്ചകോടിയിലെ ചർച്ചകളും നിർദ്ദേശങ്ങളും ഇന്ത്യയിലെയും ഇതര മൂന്നാം ലോക രാജ്യങ്ങളിലെയും ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്ന കാർഷിക മേഖലയെയും ചില്ലറ വ്യാപാര മേഖലയേയും ചെറുകിട വ്യവസായങ്ങളേയും തകർക്കുന്നതാണ് എന്നതിൽ യാതൊരു സംശയവുമില്ല.
400 ഓളം പ്രതിനിധികളുമായി ഉച്ചകോടിയിൽ പങ്കെടുക്കുന്ന അമേരിക്കൻ സർക്കാർ പ്രതിനിധികളും കാർഷിക ചില്ലറ വ്യാപാര മേഖലയിലെയും പ്രതിരോധ മേഖലകളിലെയും കോർപ്പറേറ്റുകളും ഇതിന് തെളിവാണ്. ജി20 ഉച്ചകോടിയിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കുന്ന അമേരിക്കയുടെ ഏജന്റ് എന്ന നിലയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും സർക്കാരും അധഃപതിക്കുന്നത് ലജ്ജാകരമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. സമ്പദ് വ്യവസ്ഥ ചെറിയൊരു വിഭാഗത്തിൽ കേന്ദ്രീകരിക്കുന്ന സമ്പന്ന രാഷ്ട്രങ്ങളിലെ കുത്തകകൾക്കു വേണ്ടിയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലൂടെ സാധാരണ ജനങ്ങളെയും പരിസ്ഥിതിയേയും വ്യാപകമായി ചൂഷണത്തിന് വിധേയമാക്കാനുള്ള നടപടികൾക്കാണ് നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ തുടക്കമിടുന്നത്. ആയതുകൊണ്ടുതന്നെ വികസിത രാജ്യങ്ങൾ അവരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ സംവിധാനമായ ജി20 ഉച്ചകോടി നിർദ്ദേശിക്കുന്ന കാര്യങ്ങൾ പൂർണ്ണമായി രാജ്യ താല്പര്യത്തിനെതിരാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും കൊച്ചിയിൽ WE20 കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ വിലയിരുത്തപ്പെട്ടു.
ആതിഥേയ രാജ്യം എന്ന നിലയിൽ, ആഗോളതലത്തിൽ ദക്ഷിണേഷ്യയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കപ്പെടാനും, അവരുടെ കടാശ്വാസത്തിനായി വാദിക്കാനും ആഗോള ബഹുരാഷ്ട്ര കുത്തകകളുടെ നികുതി വെട്ടിപ്പിനെതിരെ അർത്ഥവത്തായ നടപടി പ്രോത്സാഹിപ്പിക്കാനും, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൈറ്റായി പ്രവർത്തിക്കാനും നടപടിയെടുക്കാൻ നിലകൊള്ളണമെന്നു നമുക്ക് ഇന്ത്യയോട് ആവശ്യപ്പെടണം. ചേരിചേരാ പ്രസ്ഥാനത്തിന്റെ കാലം മുതൽ G77 ലും ഈ രാജ്യം ഏറ്റെടുത്ത ചരിത്രപരമായ ഉത്തരവാദിത്തമാണിത്. എന്നാൽ ഈ അവസരം രാഷ്ട്രീയമായി മുതലെടുക്കാനും രാജ്യത്തിന്റെ സർവ്വ മേഖലകളും ലാഭേച്ഛയോടെ മാത്രം കടന്നു കയറുന്ന കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുവാനുമുള്ള പദ്ധതികളുമായാണ് ജി20 ഉച്ചകോടിയിൽ മോദി സർക്കാർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ജി20 ഉച്ചകോടിയുടെ ഭാഗമായി ന്യൂദില്ലിയിൽ വിവിധ ഇടങ്ങളിൽ പുതിയ പാർക്കുകൾ, തെരുവുവിളക്കുകൾ, ജലധാരകൾ മുതലായവയും പ്രഗതി മൈതാനിയിൽ പുതിയ കൺവെൻഷൻ സെന്ററും മറ്റും നിർമ്മിക്കുന്നതടക്കം മോടി കൂട്ടൽ പരിപാടികൾ നടത്താൻ കോടിക്കണക്കിന് രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി യാതൊരു ധാർമികതയുമില്ലാതെ ചേരികൾ പൊളിക്കുകയും വഴിയോര കച്ചവടക്കാരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തത് മൂലം 250,000-ത്തിലധികം മനുഷ്യർക്ക് ഇതിനോടകം വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടിട്ടുണ്ട്. മനുഷ്യരുടെ അവകാശങ്ങളെ ഹനിക്കുകയും ചർച്ച ചെയ്യാനുള്ള ഇടങ്ങൾ ഇല്ലാതാക്കുകയും ചോദ്യം ചെയ്യുന്നവരെ മുഴുവൻ അടിച്ചമർത്തുകയും ചെയ്യുന്ന ഭരണകൂട ഭീകരതയെ നമ്മൾ ചോദ്യം ചെയ്യുകയും അത്തരം മനുഷ്യാവകാശ ലംഘനങ്ങളെ ശക്തമായ രീതിയിൽ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കിക്കൊണ്ട് സാധാരണ ജനങ്ങളുടെ ജീവനോപാധികൾ തകർത്തുകൊണ്ട് കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ജീവിതങ്ങളും ജീവസന്ധാരണവും കൂടുതൽ പ്രതിസന്ധിലാക്കിക്കൊണ്ടു നടത്തുന്ന ജി20 പോലുള്ള കോർപ്പറേറ്റ് സ്‌പോൺസേർഡ് പരിപാടികൾക്കെതിരെ ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്കൊപ്പം നിന്നുകൊണ്ട് അതിശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും എന്ന് കൂട്ടായ്മ പ്രസ്താവിച്ചു. അഡ്വ. സി ആർ നീലകണ്ഠൻ (NAPM, ദേശീയ കൺവീനർ), ശരത് ചേലൂർ (NAPM സംസ്ഥാന കോഓർഡിനേറ്റർ), അഡ്വ. ജോൺ ജോസഫ് (രാഷ്ട്രീയ കിസാൻ മഹാ സംഘ്), ബാബുരാജ് എം പി(ചെയർമാൻ, കെ റെയിൽ വിരുദ്ധ സമിതി), തോമസ് മാത്യു(), ബിജോയ് ഡേവിഡ് (ദളിത് സമുദായ മുന്നണി), എം ഡി തോമസ് (ദളിത് സമുദായ മുന്നണി), ടി എം സത്യൻ(ഡൈനാമിക് ആക്ഷൻ), കെ വി ബിജു (സംയുക്ത കിസാൻ മോർച്ച), അഖി നന്ദിയോട് (ഡൈനാമിക് ആക്ഷൻ), ഡോ. ബാബു ജോസഫ് (ഗാന്ധിയൻ കളക്ടീവ്) എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു
